Face Punching Directions


  1. പഞ്ചിംഗ് മുഖേനയുള്ള ഹാജർ കണക്കാക്കുന്നതിന് ഒരു മാസം എന്നു പറയുന്നത് തൻമാസം പതിനാറാം തീയതി മുതൽ അടുത്ത മാസം പതിനഞ്ചാം തീയ്യതി വരെയാണ്. അല്ലാതെ ഒന്നാം തീയ്യതി മുതൽ മുപ്പത്തിയൊന്നാം തീയ്യതി വരെയല്ല. ഇതിനെ അറ്റൻഡൻസ് സർക്കിൾ എന്നു പറയും.
  2. സാധാരണ ഓഫീസുകളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം. ഇത്തരം ഓഫീസുകളിൽ രാവിലെ 10 മണിക്ക് ഇൻ പഞ്ചും (Opening Punch) വൈകുന്നേരം 5 മണിക്ക് ഔട്ട് പഞ്ചും (Closing Punch) ചെയ്യണം. ഉച്ചയ്ക്ക് പഞ്ചിംഗ് ഇല്ല. കോർപ്പറേഷൻ പരിധിയിലെ ഓഫീസുകളിൽ ഇത് യഥാക്രമം രാവിലെ 10.15 ഉം വൈകുന്നേരം 5.15 ഉം ആയിരിക്കും.
  3. രാവിലത്തെ സെഷൻ രാവിലെ 10/10.15 മണി മുതൽ 1.15 മണി വരെയും (Forenoon) ഉച്ച കഴിഞ്ഞുള്ള സെഷൻ 2 മണി മുതൽ 5/5.15 മണി വരെയും (Afternoon) ആയിരിക്കും. ഉച്ചയ്ക്ക് 1.15 മുതൽ 2 മണി വരെ ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയാണ്.
  4. രാവിലെ 11/11.15 മണി വരെ ഇൻ പഞ്ചിംഗ് ചെയ്യാൻ സാധിക്കും. അത് പോലെ വൈകുന്നേരം 4/4.15 മണി മുതൽ ഔട്ട് പഞ്ചിംഗ് ചെയ്യാനും സാധിക്കും.
  5. രാവിലെ 10/10.15 മണിക്ക് മുമ്പ് ഓഫീസിൽ എത്തിയാൽ അപ്പോൾ തന്നെ പഞ്ച് ചെയ്യാവുന്നതാണ്. 10/10.15 മണി ആകാൻ കാത്തു നിൽക്കേണ്ടതില്ല. അതു പോലെ വൈകുന്നേരം 5/5.15 മണി കഴിഞ്ഞും പഞ്ച് ചെയ്യാവുന്നതാണ്.
  6. ഉച്ച വരെ കാഷ്വൽ ലീവ് ആണെങ്കിൽ Forenoon അര ദിവസത്തെ അവധി അപേക്ഷ സ്പാർക്ക് വഴി നൽകുകയും ഓഫീസിലെത്തി 1.15 നും 2 മണിക്കും ഇടയിൽ ഇൻ പഞ്ചിംഗും വൈകുന്നേരം 5/5.15 മണിക്ക് ഔട്ട് പഞ്ചിംഗും ചെയ്യണം.
  7. ഉച്ച കഴിഞ്ഞ് കാഷ്വൽ ലീവ് ആണെങ്കിൽ ഉച്ചയ്ക്ക് 1.15 കഴിഞ്ഞ് ഔട്ട് പഞ്ചിംഗ് ചെയ്യുകയും Afternoon അര ദിവസത്തെ അവധി അപേക്ഷ സ്പാർക്ക് വഴി നൽകുകയും വേണം.
  8. ഒരു ദിവസം ആദ്യം ചെയ്യുന്ന പഞ്ചിംഗ് ഇൻ പഞ്ചിംഗ് ആയിരിക്കും. അതേ ദിവസം ഏറ്റവും അവസാനം ചെയ്യുന്ന പഞ്ചിംഗ് ഔട്ട് പഞ്ചിംഗ് ആയിരിക്കും.
  9. ഇൻ പഞ്ചിംഗ് ഒരു തവണയേ ചെയ്യാൻ കഴിയൂ. എന്നാൽ ഔട്ട് പഞ്ചിംഗ് ഒന്നിലേറെ തവണ ചെയ്യാൻ സാധിക്കും. ഏറ്റവും അവസാനം ചെയ്ത പഞ്ചിംഗ് ആയിരിക്കും ഔട്ട് പഞ്ചിംഗായി കണക്കിലെടുക്കുക.
  10. രാവിലെ ഓഫീസിലെത്തി ഇൻ പഞ്ചിംഗ് ചെയ്യുകയും എന്നാൽ പഞ്ചിംഗ് ശരിയായില്ലെന്നോ പഞ്ച് ചെയ്തോയെന്ന സംശയത്താലോ വീണ്ടും പഞ്ച് ചെയ്താൽ അത് ഔട്ട് പഞ്ചിംഗായി മാറുന്നതാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഓഫീസ് സമയം കഴിഞ്ഞ് ഒരിക്കൽ കൂടി പഞ്ച് ചെയ്യേണ്ടതാണ്. അല്ലെങ്കിൽ അന്നേ ദിവസം ആബ്സന്റാകുകയും ലീവ് പോകുകയും ചെയ്യും.
  11. ഒറ്റ തവണ മാത്രമുള്ള പഞ്ചിംഗ് ഹാജരായി പരിഗണിക്കില്ല. ഇത് ലീവായി മാത്രമേ പരിഗണിക്കൂ. അതിനാൽ എല്ലാ ദിവസവും ഇൻ പഞ്ചിംഗും ഔട്ട് പഞ്ചിംഗും മറക്കാതെ ചെയ്യേണ്ടതാണ്.
  12. ഒരു ദിവസം രാവിലെ താമസിച്ചു വരുന്നതിനോ വൈകുന്നേരം നേരത്തെ പോകുന്നതിനോ അനുവദിച്ചിട്ടുള്ള പരമാവധി സമയം 60 മിനുട്ടാണ്. ഇതിനെ ഗ്രേസ് ടൈം എന്ന് പറയും.
  13. രാവിലെ 10/10.15 മുതൽ 11/11.15 മണി വരെയും വൈകുന്നേരം 4/4.15 മുതൽ 5/5.15 വരെയുമാണ് ഗ്രേസ് ടൈം അനുവദിച്ചിട്ടുള്ളത്.
  14. എന്നാൽ രാവിലെ 10.30/10.45 നാണ് ഓഫീസിൽ എത്തിയതെങ്കിൽ വൈകുന്നേരം 4.30/4.45 ന് മുമ്പ് ഓഫീസിൽ നിന്നും പോകാൻ സാധിക്കില്ല. അത് പോലെ രാവിലെ 11/11.15 മണിക്കാണ് എത്തിയതെങ്കിൽ വൈകുന്നേരം 5/5.15 മണിയ്ക്കേ പോകാൻ സാധിക്കൂ. അതായത് ഒരു ദിവസം രാവിലെയും വൈകുന്നേരവുമായി ഒരു മണിക്കൂർ മാത്രമേ ലഭിക്കൂ.
  15. രാവിലെ 10.30/10.45 മണിയ്ക്ക് എത്തുകയും വൈകുന്നേരം 4.30/4.45 ന് മുമ്പ് ഓഫീസിൽ നിന്നും പോകുകയും ചെയ്താൽ ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ സ്പാർക്കിൽ ആബ്സന്റ് ആയിരിക്കും. ഇത് ഉച്ച കഴിഞ്ഞ് അര ദിവസത്തെ (Afternoon) അവധിയ്ക്ക് സ്പാർക്ക് വഴി അപേക്ഷ നൽകി ക്രമീകരിക്കണം.
  16. അതേ സമയം രാവിലെ 10/10.15 മണിക്ക് ഓഫീസിൽ എത്തുകയും വൈകുന്നേരം 4/4.15 മണി മുതൽ എപ്പോൾ ഓഫീസിൽ നിന്നും പോയാലും ആബ്സന്റ് ആകുകയില്ല.
  17. രാവിലെ 11/11.15 മണി കഴിഞ്ഞാണ് ഓഫീസിൽ എത്തുന്നതെങ്കിൽ രാവിലെ ഇൻ പഞ്ചിംഗ് ചെയ്താലും സ്പാർക്കിൽ രാവിലത്തെ സെഷൻ (Forenoon) ആബ്സന്റ് ആയിരിക്കും.
  18. ഇപ്രകാരം രാവിലെ 11/11.15 മണി കഴിഞ്ഞ് മാത്രം ഓഫീസിൽ വരുന്ന ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.15 നും 2 മണിക്കും ഇടയിൽ ഇൻ പഞ്ചിംഗും വൈകുന്നരം 5/5.15 മണിക്ക് ഔട്ട് പഞ്ചിംഗും ചെയ്യുകയും രാവിലത്തെ സെഷൻ (Forenoon) സ്പാർക്ക് വഴി അര ദിവസത്തെ അവധി അപേക്ഷ നൽകുകയും ചെയ്യണം.
  19. ചുരുക്കത്തിൽ രാവിലെ 11/11.15 മണിക്ക് ശേഷം ഓഫീസിൽ പോയാലും ആബ്സന്റാകും. ലീവ് പോകും. ഉച്ച കഴിഞ്ഞ് 4/4.15  മണിക്ക് മുമ്പ് ഓഫീസിൽ നിന്ന് പോയാലും ആബ്സന്റാകും. ലീവ് പോകും.
  20. ഹാഫ് ഡേയ്ക്കും ഗ്രേസ് ടൈം ലഭിക്കും. അതായത് രാവിലെ 10/10.15 മുതൽ 11/11.15 മണി വരെയോ ഉച്ചയ്ക്ക് 12.15 മുതൽ 1.15 മണി വരെയോ ഉച്ച കഴിഞ്ഞ് 2 മുതൽ 3 മണി വരെയോ 4/4.15 മുതൽ 5/5.15 മണി വരെയോ ഗ്രേസ് ടൈം ലഭിക്കുന്നതാണ്.
  21. ഇപ്രകാരം രാവിലെ താമസിച്ചു വരുന്നതിനും വൈകുന്നേരം നേരത്തെ പോകുന്നതിനും ഒരു മാസം അനുവദിച്ചിട്ടുള്ള സമയ പരിധി 300 മിനുട്ടാണ്. അതായത് 5 മണിക്കൂർ. ഇതിനെ ഗ്രേസ് ടൈം എന്ന് പറയും.
  22. രാവിലെ 10.30/10.45 ന് എത്തുന്ന ഒരാൾ 30 മിനുട്ട് താമസിച്ചു. അതിനാൽ അയാളുടെ ഗ്രേസ് ടൈമിൽ നിന്നും 30 മിനുട്ട് കുറയും. അതായത് 270 മിനുട്ടാണ് ബാക്കിയുണ്ടാകുക.
  23. വൈകുന്നേരം 4.30/4.45 ന് പോകുന്ന ഒരാൾ 30 മിനുട്ട് നേരത്തെ പോയി. അതിനാൽ അയാളുടെ ഗ്രേസ് ടൈമിൽ നിന്നും 30 മിനുട്ട് കുറയും. അതായത് 270 മിനുട്ടാണ് ബാക്കിയുണ്ടാകുക.
  24. ഇപ്രകാരം താമസിച്ചു വരുകയും നേരത്തെ പോകുകയും ചെയ്യുന്നതിന് ആനുപാതികമായി ഗ്രേസ് ടൈം കുറഞ്ഞു കൊണ്ടേയിരിക്കും. ഇങ്ങനെ 300 മിനുട്ടും കഴിഞ്ഞാൽ 10/10.15 മണിക്ക് മുമ്പ് തന്നെ പഞ്ച് ചെയ്തിട്ടില്ലെങ്കിൽ ആബ്സന്റ് ആകുകയും ലീവ് പോകുകയും ചെയ്യും. അതായത് 300 മിനുട്ട് കഴിഞ്ഞാൽ സെക്കന്റുകളുടെ വ്യത്യാസത്തിന് ആബ്സന്റാകുകുയും ലീവ് പോകുകയും ചെയ്യും.
  25. രാവിലെ 10.30/10.45 ന് എത്തിയ ഒരാൾ വൈകുന്നേരം 5.30/5.45 വരെ അധിക സമയം ജോലി ചെയ്താലും നഷ്ടമായ 30 മിനുട്ട് ഗ്രേസ് ടൈം തിരിച്ചു കിട്ടില്ല.
  26. അനുവദനീയമായ ഗ്രേസ് സമയം കഴിഞ്ഞതിനാൽ ആബ്സന്റ് കാണിക്കുന്നത് അവധി അപേക്ഷ നൽകി ക്രമീകരിച്ചാലും നഷ്ടമായ ഗ്രേസ് ടൈം തിരിച്ചു കിട്ടില്ല. അതായത് നഷ്ടമായ ഗ്രേസ് ടൈം ഒരു സാഹര്യത്തിലും തിരിച്ച് കിട്ടില്ല.
  27. ഗ്രേസ് ടൈം തൻ മാസം പതിനാറാം തീയ്യതി മുതൽ അടുത്ത മാസം പതിനഞ്ചാം തീയതി വരെയാണ് കണക്കാക്കുന്നത്.
  28. അത്യാവശ്യമുള്ള ജോലികൾ ചെയ്തു തീർക്കേണ്ടതിനാൽ ഓഫീസ് മേധാവിയുടെ നിർദേശ പ്രകാരം ഓഫീസ് സമയത്തിന് മുമ്പേ ഓഫീസിൽ ഹാജരാകുകയോ ഓഫീസ് സമയം കഴിഞ്ഞും ഓഫീസിൽ ഇരുന്ന് ജോലികൾ തീർത്ത് മടങ്ങുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് അടക്കം മാസത്തിൽ ഒരു ദിവസം കോമ്പൻസേഷൻ ലീവ് അനുവദിക്കുന്നതാണ്.
  29. ഇപ്രകാരം കോമ്പൻസേഷൻ ലീവ് ലഭിക്കുന്നതിന് ഒരു മാസം 10 മണിക്കൂർ ആതായത് 600 മിനുട്ട് അധിക സമയം ജോലി ചെയ്യണം.
  30. അതായത് രാവിലെ 9.30/9.45 ന് എത്തുന്ന ഒരാൾ ഓഫീസ് സമയത്തിന് മുമ്പ് 30 മിനുട്ട് നേരത്തെ എത്തിയതിനാൽ ഇയാൾ അധികമായി ചിലവഴിച്ച 30 മിനുട്ട് കോമ്പൻസേഷൻ അവധിയ്ക്കുള്ള കണക്കിൽ വരവ് വെക്കുന്നതാണ്.
  31. വൈകുന്നേരം 5.30/5.45 മണി വരെ ഓഫീസിൽ ഇരുന്ന് ജോലികൾ പൂർത്തീകരിച്ച് മടങ്ങുന്ന ഒരാൾക്ക് ഇയാൾ അധികമായി ചിലവഴിച്ച 30 മിനുട്ട് കോമ്പൻസേഷൻ അവധിയ്ക്കുള്ള കണക്കിൽ വരവ് വെക്കുന്നതാണ്.
  32. ഇപ്രകാരം 10/10.15 മണിക്ക് മുമ്പും 5/5.15 ന് ശേഷവും അധികമായി ചിലവഴിക്കുന്ന ഓരോ മിനുട്ടും  കോമ്പൻസേഷൻ അവധിയ്ക്കുള്ള കണക്കിൽ വരവ് വെക്കുന്നതാണ്. അതായത് ഒരു ദിവസം 7 മണിക്കൂറിലധികം സമയം ജോലി ചെയ്യണം.
  33. എന്നാൽ ഒരു മാസം 10 മണിക്കൂറിലധികം സമയം ജോലി ചെയ്താലും ഒരു കോമ്പൻസേഷൻ ലീവ് മാത്രമേ ലഭിക്കൂ. അതായത് 20 മണിക്കൂർ ജോലി ചെയ്താലും ഒരു കോമ്പൻസേഷൻ അവധിയ്ക്ക് മാത്രമേ അർഹത ഉണ്ടായിരിക്കുകയുള്ളൂ.
  34. കേരള സർവ്വീസ് റൂൾസ് പ്രകാരം കോമ്പൻസേഷൻ അവധി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇതിനും ബാധകമാണ്. ഓഫീസ് ഓർഡർ ആവശ്യമാണ്. ഓഫീസ് ഓർഡർ നമ്പർ സ്പാർക്കിൽ ചേർക്കണം.
  35. ഓരോ ജീവനക്കാർക്കും അവരുടെ പഞ്ചിംഗ് സംബന്ധിച്ച വിവരങ്ങൾ അവരവരുടെ വ്യക്തിഗത സ്പാർക്ക് ലോഗിൻ ചെയ്താൽ കാണാവുന്നതാണ്. (Service Matters> Attendance Details of Individual) അവശേഷിക്കുന്ന ഗ്രേസ് ടൈം സംബന്ധിച്ച വിവരങ്ങളും ഇവിടെ കാണാവുന്നതാണ്. എന്നാൽ ഇവ സ്പാർക്ക് ഓൺ മൊബൈലിൽ ലഭിക്കില്ല.